മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ സർവീസ് സംഘടനകളുടെ യോഗം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ ചേർന്നു. ജില്ലയിൽ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തുന്നതിന് ജീവനക്കാരും സംഘടനകളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ട ലംഘനം സംഘടനകളുടെയോ ജീവനക്കാരുടെയോ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.
പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള സംഘടനകളുടെ ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണം, സി വിജിൽ ആപ്പിലൂടെ പൊതുജനങ്ങൾ പരാതിനൽകിയാൽ അത്തരം വിഷയങ്ങളിൽ സംഘടനകൾ സഹകരിക്കണം, സർവീസ് സംഘടനകളുടെ വിവിധ പ്രചാരണ ബോർഡുകൾ, പരസ്യങ്ങൾ തുടങ്ങിയവ ഉടൻ നീക്കം ചെയ്യുകയും വോട്ടെടുപ്പിന് ശേഷം മാത്രം സ്ഥാപിക്കാനും കളക്ടർ നിർദേശം നൽകി.
പോളിംഗ് ഡ്യൂട്ടിക്കായി ജീവനക്കാരെ നിയമിക്കുന്പോൾ ജീവനക്കാരോട് വിവേചനമുണ്ടാകില്ലെന്നും നീതിപൂർവമായ നടപടിയെടുക്കുമെന്നും കളക്ടർ പറഞ്ഞു.
തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്. വാരിയർ, എഡിഎം സി.എസ്. രാജേഷ്, വിവിധ സർവീസ് സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.